ആചാരങ്ങള്‍

മാലയിടല്‍
ഇന്ദ്രിയങ്ങളുടെ പരീക്ഷണമാണ് ശബരിമലതീര്‍ത്ഥാടനം. തീര്‍ത്ഥാ‍നം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ തീര്‍ത്ഥാടകര്‍ ലളിതജീവിതത്തോടു കൂടിയ വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. ലളിതജീവിതത്തിന്റെ പ്രതീകമായ മാല ധരിക്കുന്നതിലൂടെയാണ് വ്രതം തുടങ്ങുന്നത്. ഈ ചടങ്ങിന് മാലയിടല്‍ എന്നു പറയുന്നു.
അയ്യപ്പന്റെ ലോക്കറ്റോടു കൂടിയ മുത്തുമാലയാണ് ഭക്തര്‍ ധരിക്കുന്നത്. മാലയിട്ടുകഴിഞ്ഞാല്‍ ഭക്തന്മാര്‍ എല്ലാ ലൗകികസുഖങ്ങളും വെടിഞ്ഞുകൊണ്ടുള്ള ജീവിതം നയിക്കേണ്ടതുണ്ട്. പുകവലിയും മദ്യപാനവും നിര്‍ബന്ധമായി വെടിയണം. തീര്‍ത്ഥാടനകാലത്ത് ഭക്തര്‍ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ആചാരപ്രകാരം മാലയിടേണ്ടത് ഒരു പൂജാരിയില്‍ നിന്നോ ഗുരുസ്വാമിയില്‍നിന്നോ ആയിരിക്കണം. (പതിനെട്ടു വര്‍ഷം മല ചവിട്ടിയ ആളെയാണ് ഗുരുസ്വാമി എന്നു പറയുന്നത്.) വീട്ടിലെ പൂജാമുറിയില്‍ വച്ചും ഒരാള്‍ക്ക് മാലയിടാവുന്നതാണ്. തീര്‍ത്ഥാടനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മാല ഊരാവുന്നതാണ്.  

മണ്ഡലവ്രതം
അയ്യപ്പഭക്തര്‍ അനുഷ്ഠിക്കുന്ന നാല്പത്തൊന്നു ദിവസത്തെ ലളിതജീവിതത്തിനാണ് മണ്ഡലവ്രതം എന്നു പറയുന്നത്. ലളിതവും ഭക്തിനിര്‍ഭരവും ദുശ്ശീലങ്ങള്‍ വെടിഞ്ഞതുമായ ജീവിതമാണ് വ്രതകാലത്ത് നയിക്കേണ്ടത്. മാലയിടല്‍ വ്രതത്തിന്റെ സൂചനയാണ്. ശനിയാഴ്ചയോ ഉത്രംനക്ഷത്രത്തിലോ മാലധരിക്കുന്നതാണ് ഉത്തമമെന്ന് ഭക്തന്മാര്‍ കരുതുന്നു. ഉത്രം ശ്രീഅയ്യപ്പന്റെ ജന്മനക്ഷത്രമാണ്.
നാല്പത്തൊന്നു ദിവസത്തെ വ്രതം എന്ന സങ്കല്പം അച്ചടക്കവും ആരോഗ്യശീലങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആത്മനിയന്ത്രണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സല്‍ഗുണങ്ങള്‍ ജീവിതത്തില്‍ ഊട്ടിയുറപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. വ്രതകാലത്ത് കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ലൗകികകാര്യങ്ങളിലുള്ള വിരക്തി പ്രകടമാക്കുന്നു. മുടി മുറിക്കുന്നതും ക്ഷൗരം ചെയ്യുന്നതും നഖം വെട്ടുന്നതും ഈ സമയത്ത് നിഷിദ്ധമാണ്.

കെട്ട് നിറയ്ക്കല്‍
ശബരിമലതീര്‍ത്ഥാടനത്തിനു വേണ്ടി ഇരുമുടിക്കെട്ട് ഒരുക്കുന്നതും കെട്ടുന്നതുമാണ് ഈ ആചാരം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ഒരുക്കുന്നത്. ലളിതജീവിതം നയിച്ച്  വ്രതം നോറ്റ് ഇരുമുടിക്കെട്ടും തലയിലേന്തി എത്തുന്നവരെ മാത്രമേ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ. മറ്റു ഭക്തര്‍ക്ക് വേറൊരു വഴിയിലൂടെ ശ്രീകോവിലിനു മുന്നില്‍ എത്തി തൊഴാവുന്നതാണ്.
കെട്ടുനിറയുടെ ഭാഗമായി ചകിരിമാറ്റി വെടിപ്പാക്കിയ തേങ്ങയില്‍ ശരണംവിളികളോടെ അഭിഷേകത്തിനുള്ള പശുവിന്‍നെയ്യ് നിറയ്ക്കുന്നു. തേങ്ങയുടെ മുകളില്‍‍ ചെറിയ ദ്വാരമുണ്ടാക്കി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതും നെയ്യ് നിറയ്ക്കുന്നതും പ്രതിരൂപാത്മകമാണ്. ഇതിലൂടെ മനസ്സില്‍ നിന്ന് ലൗകിക ബന്ധങ്ങള്‍ വിഛേദിച്ച് ആത്മീയചിന്ത നിറയ്ക്കുകയാണ് ചെയ്യുന്നത്. നെയ്യ് നിറച്ച നെയ്ത്തേങ്ങയാണ് അയ്യപ്പസ്വാമിക്കുള്ള വഴിപാട്. ഇരുമുടിക്കെട്ടിന്റെ ആദ്യ അറയില്‍ നെയ്ത്തേങ്ങയും അയ്യപ്പസ്വാമിക്കുള്ള മറ്റ് പൂജാദ്രവ്യങ്ങളും നിക്ഷേപിച്ച് ചരടുകൊണ്ട് കെട്ടിമുറുക്കുന്നു. ഈ അറ ആത്മീയശക്തിയാല്‍ നിറഞ്ഞതാണ്. അടുത്ത അറയില്‍ വിവിധ പവിത്രസ്ഥാനങ്ങളില്‍ ഉടയ്ക്കാനുള്ള തേങ്ങകള്‍ നിറയ്ക്കുന്നു.

പേട്ടതുള്ളല്‍
അയ്യപ്പസ്വാമി പോരിലൂടെ മഹിഷിയെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ് പേട്ടതുള്ളല്‍. ഇത് തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയം വിളിച്ചോതുന്ന പുണ്യനൃത്തമാണ്. ശബരിമലതീര്‍ത്ഥാടനത്തിന്റെ അവസാനപാദത്തിലാണ് പേട്ടതുള്ളല്‍ നടത്തുന്നത്. പാരമ്പര്യമനുസരിച്ച് ആദ്യം പേട്ടതുള്ളല്‍ നടത്തുന്നത് അമ്പലപ്പുഴസംഘമാണ്. ആയിരത്തിലേറെ ഭക്തര്‍ ഉള്‍പ്പെടുന്നസംഘം ഉച്ചയോടെ പേട്ട ജംഗ്ഷനിലെ കൊച്ചമ്പലത്തിനു മുകളില്‍ ആകാശത്ത് പരുന്ത് പറക്കുന്നത് കാണുന്നതോടെയാണ് പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. ഈ സംഘം അയ്യപ്പസ്വാമിയുടെ ഉപസേനാപതിയായ വാവര്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍ നയിനാര്‍പള്ളിയിലേക്ക് പേകുന്നു. അവരെ എരുമേലി മഹല്‍ ജമാത്ത് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ച് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ശ്രീധര്‍മ്മശാസ്താക്ഷേത്രം വരെ അനുഗമിക്കുന്നു. ‍അവിടെവച്ച് പേട്ടതുള്ളല്‍ സംഘത്തെയും ജമാത്ത് കമ്മറ്റി ഭാരവാഹികളെയും ദേവസ്വംബോര്‍ഡ് അധികാരികള്‍ സ്വീകരിക്കുന്നു. ആലങ്കാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ഉച്ചയ്ക്കുശേഷം പകല്‍വെളിച്ചത്തില്‍ നക്ഷത്രം തെളിയുമ്പോഴാണ് ആരംഭിക്കുന്നത്. രണ്ടു സംഘവും രാത്രിയില്‍ വലിയമ്പലത്തു തങ്ങിയ ശേഷം പമ്പയിലെത്തി പമ്പസദ്യ കഴിച്ച് സന്നിധാനത്തെ മകരവിളക്ക് ഉത്സവത്തില്‍ പങ്കുചേരുന്നു.  

പരമ്പരാഗതവഴികള്‍
ശബരിമലയില്‍ എത്താന്‍ എരുമേലി, വണ്ടിപ്പെരിയാര്‍, ചാലക്കയം എന്നിങ്ങനെ പല വഴികളുണ്ട്. പരമ്പരാഗതപാതയായി അറിയപ്പെടുന്നത് എരുമേലിവഴിയാണ്. ഈ പാതയിലൂടെയാണ് മഹിഷീനിഗ്രഹത്തിനായി അയ്യപ്പന്‍ പുറപ്പെട്ടത്. ഏറ്റവും ദുര്‍ഘടമായ ഈ വഴിയിലൂടെ ശബരിമലയില്‍ എത്തുന്നതിന് കുന്നുകള്‍കയറി അറുപത്തിയൊന്നു കിലോമീറ്റര്‍ കാനനപാതയിലൂടെ യാത്രചെയ്യണം. എരുമേലി വഴി പുറപ്പെടുന്ന ഭക്തര്‍ക്ക് ശബരിമല എത്തുന്നതിനിടയില്‍ കുറെയേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. എരുമേലിയിലെ ധര്‍മ്മശാസ്താവിനെയും വാവരുസ്വാമിയെയും വണങ്ങിയാണ് യാത്ര ആരംഭിക്കുന്നത്. എരുമേലിയില്‍ നിന്ന് നാലു കിലോമീറ്റര്‍ കഴിയുമ്പോള്‍ അയ്യപ്പസ്വാമി തന്റെ യാത്രക്കിടയില്‍ വിശ്രമിച്ച പേരൂര്‍ തോട് എന്ന സ്ഥലത്ത് എത്തുന്നു. ശബരിമല കയറ്റത്തിന്റെ തുടക്കം എന്ന നിലയിലും ഈ സ്ഥലം പ്രാധാന്യം അര്‍ഹിക്കുന്നു. ദാനധര്‍മങ്ങള്‍കൊണ്ട് ഭക്തര്‍ അയ്യപ്പനില്‍ അഭയം തേടുന്ന പതിവും ഉണ്ട്. പേരൂര്‍ തോടിന് അപ്പുറമുള്ള വനം അയ്യപ്പന്റെ പൂങ്കാവനമായാണ് അറിയപ്പെടുന്നത്. പരമ്പരാഗത പാതയിലെ അടുത്ത കേന്ദ്രം പേരൂര്‍തോടിന് പത്ത് കിലോമീറ്റര്‍ അപ്പുറത്തപള്ള കാളകെട്ടിയാണ്. അയ്യപ്പന്‍ മഹിഷിയെ വധിക്കുന്നതിന് സാക്ഷിയായ ഭഗവാന്‍ ശിവന്‍ തന്റെ കാളയെ ഇവിടെ കെട്ടിയതായാണ് വിശ്വസിക്കപ്പെടുന്നത്. തീര്‍ത്ഥാടകര്‍ ഇവിടെത്തെ ക്ഷേത്രത്തില്‍ കര്‍പ്പൂരദീപം തെളിച്ച് പ്രാര്‍ത്ഥിക്കുകയും തേങ്ങയുടയ്ക്കുകയും ചെയ്യുന്നു. കാളകെട്ടിക്ക് രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് പമ്പയുടെ പോഷകനദിയായ അഴുത. കീഴ്ക്കാന്തൂക്കായ അഴുതമല കയറുന്നതിനു മുമ്പ് അഴുതയില്‍ നിന്ന് ഭക്തന്മാര്‍ കല്ലുകള്‍ ശേഖരിക്കുന്നു. രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുന്നുകയറ്റം ദുര്‍ഘടമാണ്. അഴുതയുടെ ഉച്ചകോടിയിലാണ് കല്ലിടുംകുന്ന്. ഇവിടെ വച്ച് ഭക്തന്മാര്‍ മഹിഷിയുടെ ശരീരാവശിഷ്ടങ്ങളെ പറപ്പിക്കുന്നതായി സങ്കല്പിച്ച് കല്ലുകള്‍ താഴേക്ക് എറിയുന്നു.

രണ്ടാമത്തെ പാത
 മലകയറി വിജയകരമായി മുകളില്‍ എത്തിയാല്‍ ഇഞ്ചിപ്പാറക്കോട്ട തുടങ്ങി മലയിറക്കമാണ്. ഇഞ്ചിപ്പാറക്കോട്ടയിലെ കോട്ടയില്‍ശാസ്തവ് എന്ന പേരില്‍ അറിയപ്പെടുന്ന ശാസ്താവിന്റെ പ്രതിഷ്ഠയില്‍ ഭക്തര്‍ക്ക് പൂജ നടത്താം.  വഴുക്കലുള്ള പാതയിലൂടെയുള്ള ഇറക്കം കരിമലത്തോടില്‍ അവസാനിക്കുന്നു. അതിന് അരുകില്‍ ഇരുവശത്തുമായി അഴുതക്കുന്നും കരിമലക്കുന്നും നിലകൊള്ളുന്നു. ആനകളുടെ വിഹാരരംഗമാണ്  കരിമല. കാട്ടുപോത്തുകള്‍ കരിമല തോട്ടില്‍ വെള്ളം കുടിക്കാന്‍ എത്തുന്നു. മരം കോച്ചുന്ന തണുപ്പില്‍നിന്ന് രക്ഷനേടാനും മൃഗങ്ങളുടെ ആക്രമണം തടയാനുമായി ഇവിടെ എത്തുന്ന ഭക്തര്‍ തീക്കൂനകള്‍  ഒരുക്കുന്നു. ഏഴു തട്ടുകളുള്ളതാണ് കരിമല. അതിനാല്‍ ഘട്ടങ്ങളായാണ് യാത്ര നടത്തുന്നത്. അഞ്ചു കിലോമീറ്റര്‍ കയറ്റം വളരെ കഠിനമാണ്. സ്വാമിയേ ശരണമയ്യപ്പാ എന്ന് ശരണംവിളിച്ചുകൊണ്ട് ഭക്തര്‍ മല കയറുന്നു. കരിമലയ്ക്കു മുകളിലുള്ള സമതലം ഭക്തര്‍ക്ക് വിശ്രമിക്കാന്‍ പറ്റിയതാണ്. ഒരു കിണറിനുള്ളിലെ കിണറായ നാഴിക്കിണറിലെ കുളിര്‍ജലം മല കയറി തളര്‍ന്ന ഭക്തരുടെ ദാഹവും ക്ഷീണവും അകറ്റുന്നു. ഇവിടെയുള്ള കരിമലന്തന്‍, കൊച്ചുകടുത്ത സ്വാമി, ഭഗവതി എന്നിവരുടെ പ്രതിഷ്ഠകളില്‍ ഭക്തര്‍ക്ക് പൂജ നടത്താവുന്നതാണ്.

മൂന്നാമത്തെ പാത
വലിയനവട്ടം,ചെറയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് അഞ്ച് കിലോമീറ്റര്‍ കുത്തിറക്കം കഴിഞ്ഞാല്‍ പമ്പാനദിയില്‍ എത്തിച്ചേരും. പന്തളം രാജാവായിരുന്ന രാജശേഖരന്‍ ശിശുവായ അയ്യപ്പനെ പമ്പയില്‍ കണ്ടെത്തി എന്ന വിശ്വാസമാണ് ശബരിമല തീര്‍ത്ഥാടനത്തില്‍ പമ്പയുടെ പ്രാധാന്യം. ഗംഗയെപ്പോലെ പമ്പാജലവും പാപമുക്തി നല്‍കുന്നതാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. പമ്പാനദിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ശ്രീകോവില്‍ സ്ഥിതിചെയ്യുന്ന സന്നിധാനം. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ശരംകുത്തി എന്നിവയാണ് ഈ വഴിയിലെ പ്രധാന സ്ഥലങ്ങള്‍. ജീവിതത്തിലെ കയറ്റിറക്കങ്ങളെക്കറിച്ച് ഓര്‍മ്മിപ്പിക്കുകയും ലക്ഷ്യത്തിലേക്ക് ധീരമായി മുന്നേറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ശബരിമല തീര്‍ത്ഥാടനത്തിലെ മലകയറ്റവും ഇറക്കവും.

ഉത്സവം
മലയാളമാസം മീനം അല്ലെങ്കില്‍ തമിഴ് മാസം പൈങ്കുനി (മാര്‍ച്ച്- ഏപ്രില്‍) യിലാണ് ശബരിമലക്ഷേത്രത്തിലെ വാര്‍ഷികാഘോഷമായ ഉത്സവം നടക്കുന്നത്. ഉത്സവകാലത്ത് പത്തു ദിവസം ക്ഷേത്രം തുറന്നിരിക്കും.

കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുന്നത്. ഉത്സവബലി, ശ്രീഭൂതബലി തുടങ്ങിയ പല വിശേഷാല്‍പൂജകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്നതാണ്. വാര്‍ഷികോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് പള്ളിവേട്ട. ഇതിന്റെ ഭാഗമായി ശ്രീഅയ്യപ്പന്‍ ആഘോഷപൂര്‍വം രാജകീയവേട്ടക്കായി ശരംകുത്തിയില്‍ പോകുന്നു. ഇതിനെ തുടര്‍ന്ന് പവിത്രമായ പമ്പാനദിയില്‍ ആറാട്ട് നടക്കുന്നു. പൈങ്കുനി ഉത്രത്തിലെ പ്രത്യേക പൂജകളോടുകൂടി വാര്‍ഷികോത്സവം അവസാനിക്കുന്നു. അയ്യപ്പസ്വാമിയുടെ ജന്മനക്ഷത്രമാണ് ഉത്രം.