ചെയ്യേണ്ടത് :
|
ചെയ്യരുതാത്തത് :
|
സുരക്ഷ :
|
ചെയ്യേണ്ടത് :
|
ചെയ്യരുതാത്തത് :
|
സുരക്ഷ :
|
ശബരിമല പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ മിഷന്‍ഗ്രീന്‍ ശബരിമല
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മിഷന് ഗ്രീന്‍ ശബരിമല പദ്ധതി. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മിഷന് ഗ്രീന്‍ ശബരിമലയ്ക്കായി വിവിധ പ്രചാരണ പദ്ധതികളാണ് ശുചിത്വമിഷന് നടപ്പാക്കിവരുന്നത്. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും പമ്പാ നദിയെ മാലിന്യ മുക്തമാക്കുന്നതിനും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ദേവസ്വംബോര്‍ഡ്, വനംവകുപ്പ്, കുടുംബശ്രീ മിഷന്, പോലീസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതി നടപ്പാക്കുന്നത്.
ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് കാരിബാഗിനു പകരമായി ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങിയ അരലക്ഷത്തോളം തുണിസഞ്ചികളുടെ വിതരണം നടന്നുവരികയാണ്. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും സ്റ്റാളുകള്‍ വഴി തീര്‍ഥാടകര്‍ക്ക് തുണിസഞ്ചി വിതരണം നടന്നുവരുന്നു.
പമ്പാ നദിയിലേക്ക് തീര്‍ഥാടകര്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിനായി പമ്പാ സ്നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്സ് പ്രവര്‍ത്തകരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള അംഗങ്ങളാണ് ഗ്രീന്‍ ഗാര്‍ഡ്സായി പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ കോളജുകളിലെ എന്‍. എസ്.എസ് വോളണ്ടിയര്‍മാര്‍ മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്.
ളാഹ മുതല്‍ പമ്പ വരേയും കണമല മുതല്‍ ളാഹ വരെയുമുള്ള റോഡ് അരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇക്കോ ഗാര്‍ഡുകളുടെ സഹായത്തോടെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള അജൈവമാലിന്യങ്ങള്‍ ശുചിത്വമിഷന്റെ നേതൃത്വത്തിലും ശേഖരിക്കുന്നു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തിരുവല്ല ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് സംസ്കരിക്കുന്നത്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വലിയ അളവിലുള്ള ആറ് പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍ ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ എന്നിവ നിക്ഷേപിക്കാനായാണ് ഈ ബോക്സുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
പമ്പ, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളിലായി നൂറിലധികം സ്റ്റീല്‍ ബിന്നുകള്‍ അജൈവ മാലിന്യശേഖരണത്തിനായി സ്ഥാപിച്ചു. പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരവിരുദ്ധമാണെന്നും ശബരിമലയും കാനനപാതയും പ്ലാസ്റ്റിക് മുക്തമായി സംരക്ഷിക്കണമെന്നുള്ള വിവിധ ഭാഷയിലുള്ള സന്ദേശവും ശബരിമലയിലെ വിശേഷദിവസങ്ങളും രേഖപ്പെടുത്തിയ പോക്കറ്റ് കാര്‍ഡുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്തു വരുന്നു.
ശബരിമല തീര്‍ഥാടനത്തിനു വേണ്ടി റെയില്‍ മാര്‍ഗം ചെങ്ങന്നൂര്‍, റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കായി കന്നട, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ റെയില്‍വേ അനൗണ്‍സ്മെന്റിന് മുന്‍പായി ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ശബരിമല ശുചിത്വപൂര്‍ണമാക്കാന്‍ പുണ്യം പൂങ്കാവനം
ശബരിമലയും പരിസരവും ശുചിത്വപൂര്ണമാക്കുകയാണ് പുണ്യം പൂങ്കാവനം എന്ന പദ്ധതി ലക്ഷ്യമിടുന്നത്. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ സഹകരണത്തോടെയും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ദേവസ്വം, പോലീസ് ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയുമാണ് പുണ്യം പൂങ്കാവനം ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. എട്ട് വര്‍ഷത്തിലധികമായി മണ്ഡലകാലങ്ങളില്‍ സന്നിധാനവും പരിസരപ്രദേശവും ദിവസവും രാവിലെ 9 മുതല്‍ 10 വരെ ശുചീകരിച്ചു വരുന്നു.
അയ്യപ്പഭക്തര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ശുചിത്വ പൂര്ണമാക്കാന് പങ്കാളികളാകുകയെന്നതാണ് പുണ്യം പൂങ്കാവനത്തിന്റെ ആപ്തവാക്യം. ശബരിമല ദര്‍ശനത്തിനും സേവനത്തിനും എത്തുന്ന വിശിഷ്ട വ്യക്തികളെ ഉള്‍പ്പെടുത്തി ദിവസവും ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു. കൈയുറ, കാലുറ ഉള്‍പ്പെടെയുള്ള ശുചീകരണ സംവിധാനങ്ങളോടെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശബരിമലയില്‍ എല്ലാത്തരം മാലിന്യങ്ങളും ഒഴിവാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. സന്നിധാനവും പരിസരവും ശുചിത്വ പൂര്‍ണമായി പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2011ല്‍ ഐ.ജി പി.വിജയനാണ് രാവിലെ ഒരു മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തനം എന്ന ആശയം നടപ്പാക്കിയത്.
ശുചീകരണത്തിനായി 900 വിശുദ്ധി സേനാംഗങ്ങള്‍
അയ്യപ്പസേവാ സംഘവുമായി സഹകരിച്ച് ശുചീകരണത്തിനായി പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി 900 വിശുദ്ധി സേനാംഗങ്ങളെ പത്തനംതിട്ട ജില്ലാഭരണകൂടം നിയോഗിച്ചിട്ടുണ്ട്. സേവന മനോഭാവത്തോടെ തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും.
സന്നിധാനത്ത് ശുചീകരണപ്രവര്‍ത്തനത്തിനായി 300 പേരും പമ്പയില്‍ 205 പേരും, നിലയ്ക്കലില്‍ 360പേരും, പന്തളത്ത് 25പേരും, കുളനടയില്‍ പത്തുപേരുമാണ് ഉള്ളത്. വിശുദ്ധി സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവയ്ക്കായി മിഷന്‍ഗ്രീന്‍ ശബരിമല എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കുന്നുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും.
ഈ വെബ്സൈറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്ക്, ഇ-മെയിൽ ചെയ്യുക: webprd@kerala.gov.in