പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്തുള്ള നിലയ്ക്കലിലാണ് നിലയ്ക്കല്‍ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇത് ഒരു പ്രധാന ശിവക്ഷേത്രമാണ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായ പ്രധാനപ്പെട്ട ഇടത്താവളങ്ങളില്‍ ഒന്നാണിത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല. ശബരിമല തീര്‍ത്ഥാടനത്തിനിടയില്‍ ധാരാളം ഭക്തര്‍ ഇവിടെ ക്ഷേത്രദര്‍ശനം നടത്തിവരുന്നു.
പ്രധാന മൂര്‍ത്തിയായ ഭഗവാന്‍ ശിവന്‍ ഉഗ്രമൂര്‍ത്തിയായും മംഗളപ്രഗായകനായും രണ്ടു ഭാവത്തില്‍ ഇവിടെ കുടികൊള്ളുന്നു. ഭഗവാന്‍ ശിവന്‍ ദുഷ്ടശക്തികളോടുള്ള ദേഷ്യം മുഴുവന്‍ പ്രകടിപ്പിച്ചുകൊണ്ട് തന്റെ മകനായ അയ്യപ്പന് ദുഷ്ടശക്തികളോട് പോരാടാന്‍ വേണ്ട അനുഗ്രഹം ചൊരിഞ്ഞുവെന്നാണ് വിശ്വസിച്ചുവരുന്നത്. മറ്റു ശിവക്ഷേത്രങ്ങിലെ പോലെ ഇവിടെയും ക്ഷേത്രപരിസരത്ത് ധാരാളം കാളകളെ സംരക്ഷിച്ചുപോരുന്നു.
കന്നിമൂല ഗണപതി, നന്ദി എന്നീ രണ്ട് ഉപപ്രതിഷ്ഠകളാല്‍ ഇവിടെയുള്ളത്. എല്ലാ ദിവസവും മൂന്നു പൂജകള്‍ നടത്തിവരുന്നു. പ്രഭാതത്തില്‍ ഉഷപൂജയും ഉച്ചയ്ക്ക് ഉച്ചപൂജയും വൈകുന്നേരം ദീപാരാധനയുമാണ് ഉള്ളത്. ഞായര്‍, തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പ്രത്യക പൂജകള്‍ നടത്താറുണ്ട്.
എല്ലാ വര്‍ഷവും നടത്തുന്ന മഹാശിവരാത്രിയാണ് ഇവിടത്തെ പ്രധാന ഉത്സവം. ശിവരാത്രിക്കു പുറമെ എല്ലാവര്‍ഷവും വിപുലമായ തിരുവുത്സവവും നടത്തിവരുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ അവരുടെ ഐശ്വര്യത്തിനും സുഖത്തിനുമായി ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നു.