നാഗരാജാവ്- അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് അടുത്തായാണ് നാഗരാജാവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. തീര്‍ത്ഥാടകര്‍ അയ്യപ്പസ്വാമിയെയും കന്നിമൂലഗണപതിയെയും ദര്‍ശിച്ചതിനു ശേഷം നാരാജാവിനെ ദര്‍ശിച്ച് പൂജ നടത്തുന്നു.
വാവരുനട - വാവരുസ്വാമി എന്ന പേരില്‍ അറിയപ്പെടുന്ന വാവര്‍ അയ്യപ്പസ്വാമിയുടെ ഭക്തനായ ഒരു മുസ്ലീം സന്യാസിയായിരുന്നു. ശബരിമലയില്‍ ഒരു ദേവാലയവും എരുമേലിയില്‍ ശാസ്താക്ഷേത്രത്തിന് അടുത്തായി ഒരു പള്ളിയും വാവരുസ്വാമിയുടെ പേരില്‍ ഉണ്ട്. വാവരുസ്വാമിയുടെ അയ്യപ്പഭക്തിയും എരുമേലിയിലെ പള്ളിയുടെ പ്രസക്തിയും ശബരിമല തീര്‍ത്ഥാടനകാലത്തെ കേരളത്തിലെ മതസൗഹാര്‍ദ്ദത്തിനു തെളിവാണ്. വാവരുസ്വാമിയുടെ ഭക്തിയിലൂടെ മുസ്ലീം, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ തുല്യതയോടെ കാണുകയും എല്ലാത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരുടെയും അയ്യപ്പഭക്തി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.
മാളികപ്പുറത്തമ്മ - ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപദേവതയാണ് മാളികപ്പുറത്തമ്മ. മാളികപ്പുറത്തമ്മയെ സംബന്ധിച്ച് രണ്ട് വിശ്വാസങ്ങളുണ്ട്. മഹിഷിയുടെ രൂപത്തില്‍ അയ്യപ്പനോട് ഏറ്റുമുട്ടാനെത്തിയ ഭൂതം. യുദ്ധത്തില്‍ തോല്പിക്കപ്പെട്ട ഭൂതം സുന്ദരിയായ സ്ത്രീയായി മാറുകയും അയ്യപ്പനോടൊപ്പം ഇരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുംചെയ്തു. മറ്റൊരു വിശ്വാസം, അയ്യപ്പന്റെ ഗുരുപുത്രി സന്യാസിനിയായി മാറി അയ്യപ്പനോടൊപ്പം ഇരിക്കാന്‍ തീരുമാനിച്ചു. താന്ത്രികകാഴ്ചപ്പാട് അനുസരിച്ച് തീര്‍ത്ഥാടകര്‍ മാളികപ്പുറത്തമ്മയെ ആദിപരാശക്തിയായി ആരാധിക്കേണ്ടതുണ്ട്. മഞ്ഞള്‍പ്പൊടി, കുങ്കുമം, ശര്‍ക്കര, തേന്‍, കദളിപ്പഴം, ചുവന്ന പട്ട് എന്നിവയാണ് മാളികപ്പുറത്തമ്മയ്ക്കുള്ള പ്രധാന നൈവേദ്യങ്ങള്‍.
കറുപ്പുസ്വാമിയും കറുപ്പായമ്മയും - പതിനെട്ടാം പടിയുടെ വലതുവശത്താണ് കറുപ്പുസ്വാമിയുടെ ക്ഷേത്രം. കറുപ്പുസ്വാമിയുടെ ക്ഷേത്രത്തിനുള്ളലാണ് കറുപ്പായിയമ്മയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ദൈവ്യശക്തിയുള്ള ഇവര്‍ വനത്തില്‍നിന്നു വന്ന് അയ്യപ്പസ്വാമിയെ തന്റെ ദൈവികനിയോഗങ്ങള്‍ അനുഷ്ഠിക്കാന്‍ സഹായിച്ചവരാണ്.
വലിയകടുത്തസ്വാമി - വലിയകടുത്തയുടെ ചെറിയ പ്രതിഷ്ഠ പതിനെട്ടാം പടിയുടെ ഇടതുഭാഗത്താണ്. വലിയകടുത്തയും അയ്യപ്പസ്വാമിയുടെ സഹായിയായിരുന്നു.
മേല്‍ഗണപതി - സന്നധാനത്തെ ശ്രീകോവിലിന് അടുത്താണ് മേല്‍ഗണപതിയുടെ പ്രതിഷ്ഠ. ഭക്തന്മാര്‍ നെയ്ത്തേങ്ങയുടെ ഒരു ഭാഗം ഗണപതിക്കായി ആഴിയില്‍ സമര്‍പ്പിക്കുന്നു, ഗണപതിഹോമമാണ് പ്രധാന വഴിപാട്.