ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം

ആലപ്പുഴ ജില്ലയിലെ പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. വിശാലമായരു പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ക്ഷേത്രസമുച്ചയവും വൃത്താകൃതിയിലുള്ള ശ്രീകോവിലുമാണ് ഇവിടെയുള്ളത്. ഭഗവാന്‍ ശിവനും പാര്‍വതീദേവിയുമാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠകള്‍. ഇവിടെ ഭഗവാന്‍ ശിവന്‍ കിഴക്ക് ദര്‍ശനമായും ദേവി പടിഞ്ഞാറു ദര്‍ശനമായും ഇരിക്കുന്നു.  ഇവിടത്തെ മുഖ്യപ്രതിഷ്ഠ ചെമ്പുപൂശിയ ത്രികോണസ്ഥംഭത്തിന്റെ ആകൃതിയിലാണ്. ദേവീവിഗ്രഹം പഞ്ചലോഹനിര്‍മ്മിതമാണ്. ശിവലിംഗം ശിവ-ശക്തിസങ്കല്പം പ്രതിനിധാനം ചെയ്യുന്ന അര്‍ദ്ധനാരീശ്വരരൂപം കൊത്തിയ സ്വര്‍ണ്ണത്തകിടുകൊണ്ട് കവചം ചെയ്തിരിക്കുന്നു.

ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍ ഗണപതി, ശാസ്താവ് (സ്വാമി അയ്യപ്പന്‍), ചണ്ഡികേശ്വരന്‍, നീലഗ്രിവന്‍, ഗംഗ, നാഗര്‍ എന്നിവരാണ്. സമീപത്തായി ശ്രീകൃഷ്ണന്റെ ഒരു പ്രതിഷ്ഠയുമുണ്ട്. പ്രസിദ്ധനായ പെരുന്തച്ചന്‍ വികസിപ്പിച്ച വാസ്തുശൈലിയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മ്മിച്ച ക്ഷേത്രമാണിത്. ‍ പതിനെട്ടാം നൂറ്റാണ്ടില്‍ ക്ഷേത്രസമുച്ചയത്തിന് അഗ്നിബാധയാല്‍ കേടുപാടുകള്‍ ഉണ്ടാവുകയും കൂത്തമ്പലം ഒഴികെയുള്ള ഭാഗങ്ങള്‍ വഞ്ചിപ്പുഴ തമ്പുരാന്‍ നവീകരിക്കുകയും ചെയ്തു.പെരുന്തച്ചന്റെ രൂപകല്പന അനുസരിച്ചു നിര്‍മ്മിച്ച ക്ഷേത്രത്തെ അതിന്റെ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കൂത്തമ്പലത്തിലെ എല്ലാ സ്ഥൂപങ്ങളിലെയും വിളക്കുകള്‍ തെളിഞ്ഞുകഴിഞ്ഞാല്‍ നടന്റെ നിഴല്‍ അരങ്ങില്‍ വീഴാത്തവിധത്തിലാണ് കൂച്ചമ്പലം പെരുന്തച്ചന്‍ രൂപകല്പന ചെയ്തിരുന്നത്. ക്ഷേത്രത്തിനു മുന്നിലുള്ള മുഖമണ്ഡപത്തിലും മറ്റു മണ്ഡപങ്ങളിലും ധാരാളം ദാരുശില്പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.

മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യമായ ഏറെ സവിശേഷതകള്‍ ഈ ക്ഷേത്രത്തിനുണ്ട്. ആര്‍ത്തവത്തിന്റെ പ്രതീകമായ തൃപ്പൂത്താറാട്ട് ഈ ക്ഷേത്രത്തെ സംബന്ധിച്ച രസകരമായ വിശ്വാസവും ഇവിടത്തെ പ്രധാന ഉത്സവവുമാണ്. ഈ ഉത്സവം ക്ഷേത്രത്തില്‍ കാലാകാലങ്ങളില്‍ നടന്നുവരുന്ന ആര്‍ത്തവപൂജയുടെ ഭാഗമാണ്. അതിനാല്‍ ഈ ക്ഷേത്രത്തെ ശക്തിപീഠമായും സങ്കല്പിച്ചുവരുന്നു.

 

ബന്ധപ്പെടാവുന്ന ഇ-മെയിൽ

ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്ക്, ഇ-മെയിൽ ചെയ്യുക: webprd@kerala.gov.in

Connect us

ഹെല്‍പ് ലൈന്‍

rfdbvn

Updated Schedule