ചെയ്യേണ്ടത് : മല കയറുമ്പോള്‍ പത്തു മിനിറ്റ് നടത്തത്തിനു ശേഷം അഞ്ച് മിനിറ്റ് വിശ്രമിക്കുക. സന്നിധാനത്തിലെത്താന്‍ പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍ വഴി ഉപയോഗിക്കുക. പതിനെട്ടാംപടിയില്‍ എത്താന്‍ ക്വൂ പാലിക്കുക. മടക്കയാത്രക്കായി നടപ്പന്തല്‍ മേല്‍പ്പാലം ഉപയോഗിക്കുക. വിസര്‍ജനത്തിന് കക്കൂസുകളും മൂത്രപ്പുരകളും ഉപയോഗിക്കുക. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് യാത്രതിരിക്കുന്നതിനു മുമ്പ് തിരക്കിന്റെ സ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കുക. ഡോളി ഉപയോഗിക്കുമ്പോള്‍ ദേവസ്വം കൗണ്ടറില്‍ മാത്രം തുക നല്കി രസീത് സൂക്ഷിക്കുക. സുരക്ഷാപരിശോധനകള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ സ്വയം പരിശോധനകള്‍ക്ക് വിധേയരാവുക. ഏതു സഹായത്തിനും പോലീസിനെ സമീപിക്കുക. സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കുക. ലൈസന്‍സുള്ള കടകളില്‍ നിന്നു മാത്രം ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുക. പമ്പയും സന്നിധാനവും മല കയറുന്ന വഴിയും വൃത്തിയായി സൂക്ഷിക്കുക. അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. മാലിന്യങ്ങള്‍ വെയ്സ്റ്റു ബോക്സുകളില്‍ മാത്രം നിക്ഷേപിക്കുക. ഓക്സിജന്‍ പാര്‍ലറുകളിലെയും മെഡിക്കല്‍ സെന്ററുകളിലെയും സൗകര്യങ്ങള്‍ ആവശ്യാനുസരണം പ്രയോജനപ്പെടുത്തുക. വൃദ്ധരുടെയും കുട്ടികളുടെയും മാളികപ്പുറങ്ങളുടെയും കഴുത്തില്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് തൂക്കുക. കൂട്ടംതെറ്റിപ്പോകുന്നവര്‍ പോലീസ് എയ്ഡ് പോസ്റ്റുകളുടെ സഹായം തേടുക. ചെയ്യരുതാത്തത് : ക്ഷേത്രപരിസരത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുത്. പമ്പ, സന്നിധാനം, കാനനപാത തുടങ്ങിയ സ്ഥലങ്ങളില്‍ പുകവലിക്കരുത്. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ക്വൂ ചാടിക്കടക്കാന്‍ ശ്രമിക്കരുത്. ക്വൂവില് നില്ക്കുമ്പോള് തിരക്കു കൂട്ടരുത്. ആയുധങ്ങളോ സ്ഫോടനവസ്തുക്കളോ കൈവശംവയ്ക്കരുത്. അനധികൃത കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കാതിരിക്കുക. വെളിസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക. സേവനങ്ങള്‍ക്ക് അധികതുക നല്‍കാതിരിക്കുക. സഹായങ്ങള്‍ക്ക് പോലീസിന്റെ സഹായം തേടാന്‍ മടിക്കരുത്. മലിന്യങ്ങള്‍ വെയ്സ്റ്റ് ബിന്നിലല്ലാതെ മറ്റൊരിടത്തും വലിച്ചെറിയാതിരിക്കുക. പതിനെട്ടാംപടിയില്‍ തേങ്ങയുടയ്ക്കരുത്. പതിനെട്ടാംപടിയുടെ ഇരുവശത്തുമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റൊരിടത്തും തേങ്ങയുടയ്ക്കരുത്. പതിനെട്ടാംപടിയില്‍ മുട്ടുകുത്തി കയറാതിരിക്കുക. നടപ്പന്തല്‍ മേല്‍പാലം അല്ലാതെ മറ്റൊരു വഴിയും മടക്കയാത്രയ്ക്ക് തിരഞ്ഞെടുക്കരുത്. സന്നിധാനത്തെ തിരുമുറ്റത്തോ തന്ത്രിനടയിലോ വിശ്രമിക്കാതിരിക്കുക. വിരിവയ്ക്കാനുള്ള സ്ഥലങ്ങളായ നടപ്പന്തലും താഴത്തെ തിരുമുറ്റവും നടപ്പാതയായി ഉപയോഗിക്കാതിരിക്കുക. സുരക്ഷ : പടക്കങ്ങള്‍ നിരോധിച്ചിരിക്കുന്നു. ആയുധങ്ങള്‍ അനുവദിക്കുന്നതല്ല. പാചകവാതകവും സ്റ്റൗകളും സന്നിധാനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. തീകൊളുത്തിയാല്‍ ആവശ്യം കഴിഞ്ഞയുടന്‍ കെടുത്തേണ്ടതാണ്. പതിനെട്ടാംപടി കയറുന്നതിനു മുമ്പ് ബാഗുകള്‍ ഉള്‍പ്പെടെ സ്വയം പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.