സർക്കാർ വകുപ്പ് സേവനങ്ങൾ

തീര്‍ഥാടകര്‍ക്ക് സുരക്ഷിതയാത്രയൊരുക്കി സേഫ് സോണ്‍ പദ്ധതി

ശബരിമല റോഡുകളില്‍ തീര്‍ഥാടകരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി കേരള മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷാ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് സേഫ് സോണ്‍ പദ്ധതി. തീര്‍ഥാടനകാലം അവസാനിക്കുന്നത് വരെ  400 കിലോ മീറ്റര്‍ വ്യാപ്തിയില്‍ സേഫ് സോണ്‍ പദ്ധതിയുടെ സേവനമാണ്  തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത്. അപകടരഹിതമായ തീര്‍ഥാടനകാലം ഭക്തര്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.

പ്രധാന ചെക്ക് പോസ്റ്റുകള്‍, ടോള്‍ ബൂത്തുകള്‍, ഇടത്താവളങ്ങള്‍ എന്നിവ വഴി ഗുരുസ്വാമിമാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കിടയില്‍ സേഫ് സോണ്‍ പദ്ധതിയെക്കുറിച്ച് ആറുഭാഷകളില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ,തെലുങ്കു എന്നീ ആറു ഭാഷകളില്‍ സേഫ് സോണ്‍ പദ്ധതി പ്രദേശങ്ങള്‍, പെട്രോളിംഗ് വാഹനങ്ങള്‍, റയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളിലും അനൗണ്‍സ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.

ഇലവുങ്കല്‍ സേഫ് സേണ്‍ മെയിന്‍ കണ്‍ട്രോള്‍ ഓഫീസ് കൂടാതെ എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ടു സബ് ഡിവിഷനുകളും പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് സോണില്‍ ഇലവുങ്കല്‍, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ ഒരുകോടി വാഹനങ്ങളാണ് തീര്‍ഥാടനപാതയില്‍ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ നാലു ലക്ഷം കിലോമീറ്റര്‍ ദൂരം പട്രോളിംഗ് നടത്തും. അപകടമുണ്ടായാല്‍ അടിയന്തരമായി  രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആശുപത്രികളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ ഉപയോഗിക്കും. വാഹനങ്ങള്‍ തകരാറിലായാല്‍ ഗതാഗതതടസം ഉണ്ടാകാതെ അവിടെ നിന്നും മാറ്റി സൗജന്യമായി അറ്റകുറ്റപ്പണി നടത്തും. 40 ടണ്‍ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് ടയര്‍ പഞ്ചര്‍/ റിപയര്‍ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 35 വാഹന നിര്‍മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമുകളും പ്രവര്‍ത്തനസജ്ജമാണ്.

സേഫ് സോണ്‍: അടിയന്തരഘട്ടങ്ങളില്‍  വിളിക്കാം ഈ നമ്പരുകളില്‍

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് തീര്‍ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്ക് സുരക്ഷയൊരുക്കി സേഫ് സോണ്‍ പദ്ധതി. വാഹനാപകടം ഉള്‍പ്പെടെ ഏത് അടിയന്തര സാഹചര്യങ്ങളിലും തീര്‍ഥാടകര്‍ക്ക് സേഫ് സോണ്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ വിളിക്കാം:-

ഇലവുങ്കല്‍:- 09400044991, 09562318181,
എരുമേലി:- 094 96367974, 08547639173,
കുട്ടിക്കാനം:- 09446037100, 08547639176.

കൂടാതെ ഇ-മെയിലായും സഹായം ലഭ്യമാകും. safezonesabarimala@gmail.com